International
കാൻബറ: കുട്ടികൾക്കു സോഷ്യൽ മീഡിയ നിരോധനം നടപ്പാക്കിയ ആദ്യ രാജ്യമായി ഓസ്ട്രേലിയ. 16നു താഴെയുള്ള എല്ലാവർക്കും സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന സർക്കാർ ഉത്തരവ് ബുധനാഴ്ച പ്രാബല്യത്തിലായി.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ്, സ്നാപ്ചാറ്റ്, ടിക്ടോക്, റെഡ്ഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ കുട്ടികളെ അനുവദിക്കരുതെന്നാണ് സർക്കാർ നിർദേശം. ലംഘിച്ചാൽ കനത്ത പിഴയൊടുക്കേണ്ടിവരും.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമകളായ മെറ്റപോലുള്ള ടെക് കന്പനികളും അഭിപ്രായസ്വാതന്ത്ര്യവാദികളും നിരോധനത്തെ എതിർക്കുന്നുണ്ട്. അതേസമയം മാതാപിതാക്കളും രക്ഷിതാക്കളും സർക്കാരിനൊപ്പമാണ്.
കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് ഓസ്ട്രേലിയൻ സർക്കാർ നടപ്പാക്കുന്ന നിരോധനം ലോകരാജ്യങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുന്നതായാണ് റിപ്പോർട്ട്.
പല പാശ്ചാത്യ രാജ്യങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു പരിഗണിച്ചുവരിയാണ്. ഓസ്ട്രേലിയൻ നിരോധനത്തിന്റെ ഫലക്ഷമത ഈ രാജ്യങ്ങൾ വിലയിരുത്തും.
International
സിഡ്നി: ഓസ്ട്രേലിയയിൽ 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ഉണ്ടാക്കുന്നതിന് അടുത്ത മാസം പത്തുമുതൽ നിരോധനം നിലവിൽ വരും. കുട്ടികൾ സമൂഹമാധ്യമങ്ങളിൽ നേരിടുന്ന സമ്മർദങ്ങളും അപകടസാധ്യതകളും കുറയ്ക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക്ക്, യുട്യൂബ്, എക്സ് എന്നിവയുൾപ്പെടെ പത്തു പ്ലാറ്റ്ഫോമുകൾക്കാണ് നിരോധനം ബാധകമാകുക. നിയമം ലംഘിക്കുന്ന കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ശിക്ഷയില്ല. എന്നാൽ ഇതു നടപ്പാക്കാൻ സമൂഹമാധ്യമ കമ്പനികൾക്കു ബാധ്യതയുണ്ട്. നിയമം തെറ്റിച്ചാൽ കമ്പനികൾക്ക് 49.5 ദശലക്ഷം ഡോളർ വരെ പിഴ ചുമത്തും.
ഉപയോക്താക്കളുടെ പ്രായം ഉറപ്പുവരുത്താൻ സർക്കാർ ഐഡികളും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യകളും കമ്പനികൾ ഉപയോഗിക്കണം. നിരോധനം ഫലപ്രദമാകുമോ എന്നതിനെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഡിസംബർ നാലുമുതൽ കൗമാരക്കാരുടെ അക്കൗണ്ടുകൾ അടച്ചുപൂട്ടുമെന്ന് മെറ്റാ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തിനും 15 നുമിടയിൽ പ്രായമുള്ള കുട്ടികളിൽ 96% പേരും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും പത്തിൽ ഏഴുപേർക്ക് ഹാനികരമായ ഉള്ളടക്കങ്ങൾ ലഭിക്കുന്നുണ്ടെന്നും സർക്കാർ നടത്തിയ പഠനത്തിൽ പറയുന്നു. 16 വയസിനു താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങൾ പൂർണമായി നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഓസ്ട്രേലിയ.
International
കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ നേപ്പാളിലുണ്ടായ പ്രക്ഷോഭത്തിൽ 14 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജെൻ സി എന്നറിയപ്പെടുന്ന 26 വയസിന് താഴെയുള്ള യുവതി-യുവാക്കളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
പലയിടത്തും പ്രതിഷേധക്കാരും പോലീസും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. ഇതിനുപിന്നാലെ രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിൽ ഭരണകൂടം കർഫ്യു ഏർപ്പെടുത്തി.
അതിനിടെ പ്രതിഷേധക്കാരിൽ ചിലർ നേപ്പാൾ പാർലമെന്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം നടത്തി. ഇവരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റുകളും ഉപയോഗിച്ചത് സംഘർഷം കൂടുതൽ രൂക്ഷമാക്കി.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നത് വരെ കർഫ്യു തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.